ന്യൂഡൽഹി: ഡൽഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോടുള്ള എല്ലാ ദേഷ്യവും ചേർത്ത് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി ജെഡിയു. ഫെബ്രുവരി എട്ടിന് ഡൽഹിയിൽ ഇവിഎം മെഷീനിൽ സ്നേഹത്തോടെ വോട്ട് ചെയ്യണം. അത് ചെറിയ തോതിൽ കറന്റ് ഉത്പാദിപ്പിക്കുന്നുണ്ട്, സാഹോദര്യവും സൗഹൃദവും നാശംവന്നുപോകരുത്- ജെഡിയു നേതാവ് പ്രശാന്ത് കിഷോർ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന റാലിയ്ക്കിടെയാണ് അമിത് ഷാ പ്രസ്താവന നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഷഹീൻബാഗില്ലാത്ത ഡൽഹിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.
ബിജെപി അധികാരത്തിലെത്തുകയാണെങ്കിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി സ്ത്രീകൾ പ്രതിഷേധിക്കുന്ന മുഖ്യവേദിയായ ഷഹീൻബാഗ് ഡൽഹിയിൽ ഉണ്ടാകില്ലെന്നും ഫെബ്രുവരി എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താൽ ഫലം പ്രഖ്യാപിക്കുന്ന 11ാം തീയതി വൈകുന്നേരത്തോടെ ഷഹീൻബാഗിൽ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
Discussion about this post