മാള്‍വ: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍ഷകര്‍ ശക്തരായി തീര്‍ന്നെനെ, കര്‍ഷകര്‍ക്ക് കഴിഞ്ഞ 55-60 വര്‍ഷങ്ങളിലെ മോശം അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കോണ്‍ഗ്രസ് നുണകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദാരിദ്ര്യം ഇല്ലാതാക്കുമെന്നായിരുന്നു ഇന്ദിരാ ഗാന്ധിയുടെ മുദ്രാവാക്യം.
എന്നാല്‍ എവിടെനിന്നാണ് അവര്‍ ദാരിദ്ര്യം ഇല്ലാതാക്കിയത്? സാധരണക്കാര്‍ക്ക് ഗുണമാകുമെന്നു പറഞ്ഞ് ബാങ്കുകളെ ദേശസാത്കരിച്ചു. എന്നാല്‍ എന്താണ് സംഭവിച്ചത്? വലിയ വിഭാഗം ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുപോലും ഇല്ലാത്ത സ്ഥിതിയായിരുന്നെന്നും മോഡി ആരോപിച്ചു.
കൂടാതെ കോണ്‍ഗ്രസ് ജനങ്ങളെ ഭിന്നിപ്പിച്ചാണ് വോട്ടു നേടുന്നത്. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ മന്ദസോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.