ഗാസിയാബാദ്: പറന്നുയര്‍ന്ന വിമാനം നടുറോഡില്‍ അടിയന്തിര ലാന്‍ഡിംഗ് ചെയ്തു. എക്സ്പ്രസ്സ് ഹൈവേയിലെ റോഡ് യാത്രികരെ അമ്പരപ്പിച്ച് കൊണ്ടാണ് ചെറുവിമാനം താഴെ ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നാഷനല്‍ കേഡറ്റ്സ് കോര്‍പ്സിന്റെ എയര്‍ക്രാഫ്റ്റ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത് .
ഗാസിയാബാദിലെ ഈസ്റ്റേണ്‍ പെരിഫരല്‍ എക്സ്പ്രസ്സ് വേയിലാണ് സംഭവം. പല്‍വാലിനെയും ഹരിയാനയിലെ സോനിപത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലാണ് വിമാനം ഇറങ്ങിയത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. അടിയന്തിരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞു.
കനേഡിയന്‍ നിര്‍മിത സെനൈര്‍ സിഎച്ച് 701 എന്ന വിമാനം പൈലറ്റുമാരെ പരിശീലിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. 6.38 മീറ്റര്‍ നീളവും 8.23 മീറ്റര്‍ ചിറക് വിരിവുമുണ്ട് ഈ ചെറു വിമാനത്തിന്. പരമാവധി 12000 അടി വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന വിമാനത്തിന് ഒരു പറക്കലില്‍ 599 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാനാവും. മണിക്കൂറില്‍ 137 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനത്തിന്റെ ക്രൂസിങ് വേഗം 130 കിലോമീറ്ററാണ്.
Discussion about this post