എന്തിനാണ് കുടുംബ സ്വത്ത് വില്‍ക്കുന്നത്? എയര്‍ ഇന്ത്യ വില്‍ക്കുന്നതിനെതിരെ കോടതിയില്‍ പോകും! മോഡിയോട് സുബ്രഹ്മണ്യന്‍ സ്വാമി

'ഈ തീരുമാനം ദേശവിരുദ്ധമാണ്. നമ്മുടെ കുടുംബസ്വത്തുക്കള്‍ വില്‍ക്കരുത്. ഇതിനെതിരേ കോടതയില്‍ പോകാന്‍ ഞാന്‍ നിര്‍ബന്ധിതനാവുയാണ്'

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. വേണ്ടിവന്നാല്‍ താന്‍ ഇതിനെതിരേ കോടതിയില്‍ പോകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഈ തീരുമാനം ദേശവിരുദ്ധമാണ്. നമ്മുടെ കുടുംബസ്വത്തുക്കള്‍ വില്‍ക്കരുത്. ഇതിനെതിരേ കോടതയില്‍ പോകാന്‍ ഞാന്‍ നിര്‍ബന്ധിതനാവുയാണ്’- അദ്ദേഹം പറഞ്ഞു.

ചെറിയ രീതിയിലുള്ള നഷ്ടമാണ് ഇപ്പോഴുള്ളത്. കുടുംബ സ്വത്ത് ശക്തിപ്പെടുത്താന്‍ ശ്രമിക്കാതെ എന്തിനാണ് വിറ്റു തുലക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്തുകൊണ്ടാണ് സ്വാമിയുടെ ചോദ്യം.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനിതിരേ കോണ്‍ഗ്രസും രംഗത്തു വന്നു. സര്‍ക്കാരിന്റെ കൈയില്‍ കാശൊന്നുമില്ല. പണത്തിന്റെ മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. നമ്മുടെ വിലയേറിയ ആസ്തികളെല്ലാം കേന്ദ്ര സര്‍ക്കാര്‍ വിറ്റുതുലയ്ക്കുകയാണെന്ന് പാര്‍ട്ടി വക്താവ് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

Exit mobile version