ബീഹാര്‍: കൊറോണ വൈറസ് ആശങ്കയില്‍ ബീഹാര്‍. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ 29കാരിയാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരെ പാറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനുവരി 22നാണ് യുവതി ഇന്ത്യയില്‍ തിരിച്ചെത്തിയത്. നിരീക്ഷണത്തിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ബീഹാറിന് പുറമെ രാജസ്ഥാനിലും ചൈനയില്‍ നിന്നെത്തിയ ഡോക്ടറെ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ ഡോക്ടറെയാണ് രോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എസ്എംഎസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജസ്ഥാനില്‍ നാലു ജില്ലകളിലായി ചൈനയില്‍ നിന്ന് മടങ്ങിവന്ന 18 പേരാണ് ഉള്ളത്. ഇവരെ 28 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വയ്ക്കാന്‍ ജില്ലാ മേധാവികള്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ 80 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. രണ്ടായിരത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Discussion about this post