ഇസ്ലാമാബാദ്: വിവാഹമണ്ഡപത്തില്‍ നിന്നും ഹിന്ദുയുവതിയെ പോലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് 24കാരിയായ യുവതിയെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയത്.
ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഹലയില്‍ വെച്ച് ഹിന്ദു മതാചാരപ്രകാരം വിവാഹിതയായിരുന്ന മകളെ വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം അക്രമികള്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് കിഷോര്‍ ദാസ് പറയുന്നു. സഹായത്തിന് ലോക്കല്‍ പോലീസുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ മണ്ഡപത്തില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയത് ഷാ റുഖ് ഗുല്‍ എന്നയാളാണെന്നും പിന്നീട് ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ മതംമാറ്റിയതിന് ശേഷം വിവാഹം ചെയ്ത് അതിന്റെ ചിത്രങ്ങളും രേഖകളുമടക്കം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യുവതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടക്കുന്നതിന് ഒരുമാസം മുമ്പ് തന്നെ യുവതി ഇസ്ലാംമതം സ്വീകരിച്ചിരുന്നെന്നും ഇതറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്.
സംഭവം സോഷ്യല്‍മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന പാക് പ്രധാനമന്ത്രിയുടെ ഉറപ്പിനെ ചോദ്യം ചെയ്ത് പാകിസ്താനിലെ ഹിന്ദു സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post