ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള ക്രൂരതകള്‍ ചൂണ്ടിക്കാണിച്ചാണ് പ്രിയങ്ക ഗാന്ധി പരാതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. പൗരത്വ നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സമരം ചെയ്തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്ത പോലീസ് നടപടിയിലാണ് പ്രിയങ്കയുടെ പരാതി.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭ കക്ഷി നേതാവ് ആരാധന മിശ്ര, എംഎല് പുനിയ എംപി എന്നിവരോടൊപ്പമാണ് മനുഷ്യാവകാശ കമ്മീഷന് അംഗങ്ങളെ കാണുകയെന്നാണ് സൂചന. നേരത്തെ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചിരുന്നു.
Discussion about this post