ന്യൂഡൽഹി: പാകിസ്താനിലെ മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥന്റെ മകനായ ഗായകൻ അദ്നൻ സമിക്ക് ഇന്ത്യൻ പൗരത്വവും പത്മ ശ്രീയും നൽകി ആദരിച്ച കേന്ദ്രസർക്കാരിനെ ഓർത്ത് അത്ഭുതം തോന്നുന്നെന്ന് കോൺഗ്രസ്. പാകിസ്താനിൽ നിന്ന് എത്തിയ മുസ്ലിം ഗായകൻ അദ്നൻ സമിക്ക് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ പിന്നെ എന്തിനാണ് കേന്ദ്രസർക്കാർ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ചോദിച്ചു.
സമിക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്ന് പറഞ്ഞതിന്റെ പേരിൽ ഒരിക്കൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ച ബിജെപിക്കാർ ഇപ്പോൾ പൗരത്വപ്രക്ഷോഭം കത്തുമ്പോൾ അത് തണുപ്പിക്കാനാണ് അദ്ദേഹത്തിന് പത്മശ്രീ നൽകിയത്. ഒരു പാക് മുസ്ലിമിന് പൗരത്വം നൽകാൻ വകുപ്പുണ്ടെന്നിരിക്കെ, അതനുസരിച്ച് സമിക്ക് പൗരത്വം നൽകുകയും ചെയ്തു എന്നിരിക്കെ എന്തിനായിരുന്നു പൗരത്വനിയമഭേദഗതി സർക്കാർ കൊണ്ടുവന്നത് എന്ന് ദിഗ് വിജയ് സിങ് ചോദിക്കുന്നു. ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ഭിന്നിപ്പിക്കാനാണോ അപ്പോൾ പൗരത്വ ഭേദഗതി കൊണ്ടുവന്നതെന്ന് ദിഗ് വിജയ് സിങ് ചോദിച്ചു.
അദ്നൻ സമിക്ക് പൗരത്വവും പത്മശ്രീയും ലഭിച്ചിരിക്കുന്നു. അതിൽ സന്തോഷവുമുണ്ട്. ഒരു പാകിസ്താനി മുസ്ലിമിന് പൗരത്വം നൽകാൻ സർക്കാരിന് കഴിയുമെങ്കിൽ എന്തിനാണ് പൗരത്വ നിയമഭേദഗതി? ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ലേ?- ദിഗ് വിജയ് സിങ് ആരാഞ്ഞു.
അതേസമയം, സമിക്ക് പത്മശ്രീ നൽകിയതിനെ വിമർശിച്ചാണ് കോൺഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ രംഗത്തെത്തിയത്. കാർഗിൽ യുദ്ധ ജേതാവും മുൻ കരസേന ഉദ്യോഗസ്ഥനുമായ ആസാം സ്വദേശി മുഹമ്മദ് സനാവുള്ളയെ എൻആർസിയിലൂടെ വിദേശിയാക്കിയ കേന്ദ്ര സർക്കാർ ഒരു പാക് വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനായ അദ്നൻ സമിയെ ആദരിച്ചതിൽ അദ്ഭുതം തോന്നുന്നുവെന്നായിരുന്നു ഷെർഗിലിന്റെ പരിഹാസം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 118 പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ അദ്നൻ സമിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസ്ഥാനം മഹാരാഷ്ട്ര എന്നായിരുന്നു പട്ടികയിൽ അടയാളപ്പെടുത്തിയിരുന്നത്. പാകിസ്താനിലെ മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരിലൊരാളുടെ മകനായ അർഷദ് സമി ഖാന്റെ മകനാണ് അദ്നൻ സമി. 2016ലാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം അനുവദിച്ചത്.
Discussion about this post