ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഷര്‍ജീല്‍ ഇമാം എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസ്. അസ്സമിനെ വേര്‍പെടുത്തണമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. ഷഹീന്‍ബാഗിലും, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാന പരാമര്‍ശങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.
ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷര്‍ജീല്‍ ഇമാമിനെതിരെ അസ്സം പോലീസ് യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസിന്റെ നടപടി.
അതേസമയം ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷര്‍ജീല്‍ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന ഭാഗങ്ങളില്‍ നിന്ന് വ്യക്തമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഷഹീന്‍ബാഗ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയയും ആരോപിച്ചു.