ബ്രസ്സൽസ്: ഒടുവിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ മതംതിരിച്ചുള്ള പൗരത്വ നിയമത്തിനെതിരെ ശക്തമായ വിമർശനവുമായി ലോകരാജ്യങ്ങൾ രംഗത്ത്. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളാണ് രംഗത്തെത്തിയത്. 150ൽ അധികം പ്രതിനിധികളാണ് ഇന്ത്യയിലെ ജനാധിപത്യ-മനുഷ്യത്വ രഹിതമായ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഇന്ത്യയിലെ പൗരത്വം നിർണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലേറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇതിടയാക്കുമെന്നും പ്രമേയത്തിന്റെ കരടിൽ ആരോപിക്കുന്നുണ്ട്. ജനങ്ങൾ വലിയ കഷ്ടപ്പാടുകൾ സഹിക്കേണ്ട അവസ്ഥ ഈ നിയമത്തിലൂടെ സംജാതമാകുമെന്നും പ്രമേയം ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനുവരി ഏഴിലെ സമരത്തോട് കരട് പ്രമേയം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല സമരക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്നും സമരക്കാരുമായി സർക്കാർ ചർച്ച നടത്തണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.
പ്രതിപക്ഷത്തേയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളെയും നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നുവെന്നും സർക്കാരിനെ വിമർശിച്ചാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുന്നതാണ് കരട് പ്രമേയം. ഇന്ത്യയുമായി വ്യാപാരക്കരാറിൽ ഏർപ്പെടുകയാണെങ്കിൽ ആ രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ശക്തമായ വ്യവസ്ഥകൾ കൂടി അതിൽ ഉൾക്കൊള്ളിക്കണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നു.
പൗരത്വത്തിന് മറ്റുള്ളവർക്കെന്നപോലെയുള്ള അവകാശം മുസ്ലിങ്ങൾക്ക് ഇല്ലാതാക്കുന്നുവെന്നും ഇതിനുള്ള നിയമപരമായ സാഹചര്യം ഇന്ത്യ സൃഷ്ടിച്ചുവെന്നും കരട് പ്രമേയം ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്ലിങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന ആശങ്കയും ഇതിൽ പങ്കുവെക്കുന്നു.
യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സമ്പൂർണ സമ്മേളനത്തിൽ പ്രമേയം സഭയിൽ അവതരിപ്പിക്കും.