ബംഗളൂരു: പ്രകാശ് രാജ്, എച്ച്ഡി കുമാരസ്വാമി ഉള്‍പ്പെടെ 15 പേരെ ജനുവരി 29ന് വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണിക്കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഭീഷണിക്കത്ത് പോസ്റ്റല്‍ ആയി ലഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച വ്യക്തികളെയാണ് വധിക്കുമെന്ന് കത്തില്‍ പറഞ്ഞിരിക്കുന്നത്
സിപിഎം നേതാവ് വൃന്ദാകാരാട്ട്, നടന്‍ ചേതന്‍, മുന്‍ എംഎല്‍എ ബിടി ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, മുന്‍ ബജ്റംഗദള്‍ നേതാവ് മഹേന്ദ്കുമാര്‍, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെഎസ് ഭഗവാന്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകന്‍ ദിനേശ് അമിന്‍ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖര്‍പാട്ടീല്‍, ദ്വാരക് നാഥ്, അഗ്‌നി ശ്രീധര്‍ എന്നിവരെയാണ് കൊല്ലുമെന്ന് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാല്‍ ജനുവരി 29ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരുന്നോ എന്നാണ് കത്തില്‍ നിജഗുണാനന്ദ സ്വാമിയോട് സൂചിപ്പിച്ചിരിക്കുന്നത്. കത്തില്‍ സൂചിപ്പിച്ചിട്ടുള്ള മറ്റ് വ്യക്തികളുടെ അന്ത്യയാത്ര നടക്കുമെന്നും ഇതിനായി അവരെ ഒരുക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട. നടന്‍ ചേതന്‍ ഈ കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും കൈമാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി തന്നെ എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ചേതന്‍ അറിയിച്ചു.
അജ്ഞാതകത്ത് അയച്ചിരിക്കുന്നത് ദാവന്‍ഗരെയില്‍നിന്നാണെന്ന് മനസിലായിട്ടുണ്ടെന്ന് ബെലഗാവി റൂറല്‍ എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. അതേസമയം രണ്ടുമാസംമുമ്പ് തനിക്ക് വധഭീഷണി മുഴക്കി കൊണ്ട് ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് സ്വാമി പോലീസിനോട് പറഞ്ഞു. കലബുറഗി ജില്ലയിലെ ജെവര്‍ഗിയിലെ ആശ്രമത്തിലാണ് സ്വാമിക്ക് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
Discussion about this post