ഹൈദരബാദ്: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാനയും. പൗരത്വനിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. പൗരത്വനിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി നൂറ് ശതമാനം തെറ്റായ തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുമെന്നും രാജ്യവ്യാപകമായ സമരത്തിന് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സിയ്‌ക്കെതിരെ സമാനചിന്താഗതിക്കാരായ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയമത്തിനെതിരെ പത്ത് ലക്ഷം ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗം വിളിച്ചുചേര്‍ക്കും.ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് തുല്യ അവകാശങ്ങളാണ് നല്‍കിയത്. പൗരത്വനിയമവും എന്‍ആര്‍സിയും ബിജെപി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ മണ്ടത്തരമാണ്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഈ നിയമം എത്രയും വേഗം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
Discussion about this post