ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കും; ഒമർ അബ്ദുള്ളയെ കണ്ടിട്ട് മനസിലായില്ലെന്ന് മമത; കാശ്മീരിന്റെ അവസ്ഥയിൽ സോഷ്യൽമീഡിയയും രോഷത്തിൽ

കൊൽക്കത്ത: ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് സംവിധാനം ഭാഗികമായ പുനഃസ്ഥാപിച്ചതിന് പിന്നാലെ പ്രചരിക്കുന്ന ഒമർ അബ്ദുള്ളയുടെ ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ളയുടെ ചിത്രം കണ്ടിട്ട് തനിക്ക് ആളെ തിരിച്ചറിയാനായില്ലെന്ന് ആശങ്കയോടെ അറിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒമർ അബ്ദുള്ളയുടേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് മമതയുടെ ട്വീറ്റ്.

‘എനിക്ക് വിഷമമുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കും’- മമത ട്വീറ്റിൽ ചോദിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് 5 നാണ് കേന്ദ്രസർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ജമ്മു കശ്മീർ എന്നും ലഡാക്കെന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനം വിഭജിക്കപ്പെട്ടു.

മോഡി സർക്കാരിന്റെ മുന്നറിയിപ്പില്ലാത്ത തീരുമാനം പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസമാണ് ഒമർ അബ്ദുള്ളയും പിതാവ് ഫറൂഖ് അബ്ദുള്ളയും അടക്കം ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ മൂന്ന് മുൻ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കിയത്. തടങ്കലിൽ ചെലവിട്ട നാലുമാസവും ഒമർ അബ്ദുള്ള പ്രതിഷേധം എന്ന നിലയ്ക്ക് താടി വളർത്തുന്നുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

Exit mobile version