കൊല്‍ക്കത്ത: കടുത്ത ചുമയുമായി ആശുപത്രിയിലെത്തിയ പന്ത്രണ്ടുവയസ്സുകാരന്റെ ശ്വാസകോശത്തില്‍ പേനയുടെ അടപ്പ്. ചുമയും കഫക്കെട്ടും മൂലം ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ കുട്ടി ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് എക്സ്റേ എടുത്തപ്പോഴാണ് ശ്വാസകോശത്തില്‍ പേനയുടെ അടപ്പ് കണ്ടെത്തിയത്. തക്കസമയത്ത് ശസത്രക്രിയ നടത്തിയതിനാല്‍ കുട്ടിക്ക് ജീവന് തിരിച്ചുകിട്ടി.
കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഗാരിയ സ്വദേശിയായ 12 കാരനാണ് കടുത്ത ചുമയും കഫക്കെട്ടും മൂലം ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. പരിശോധനയില്‍ ചുമയ്ക്ക് കാരണങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡോക്ടര്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് ശ്വാസകോശത്തില്‍ പേനയുടെ അടപ്പ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
നവംബര്‍ മാസത്തില്‍ കുട്ടി പേനയുടെ അടപ്പ് വിഴുങ്ങിയിരുന്നതായി കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാരോട് വിവരം പറഞ്ഞെങ്കിലും കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കാനോ ശസ്ത്രക്രിയ നടത്താനോ ഡോക്ടര്‍മാര്‍ പറഞ്ഞില്ല. അത്തരത്തിലൊരു വസ്തു കുട്ടി വിഴുങ്ങിയിട്ടില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.
ഇത്തരത്തില്‍ എന്തെങ്കിലും ശ്വാസകോശത്തില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ ഇതിനകം കുട്ടിക്ക് അപകടം സംഭവിച്ചിട്ടുണ്ടാകുമായിരുന്നെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിലപാടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. നിലവില്‍ ശസ്ത്രകിയയ്ക്ക് വിധേയനായ കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post