മുംബൈ: പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നും അനധികൃതമായി കുടിയേറിയ മുസ്ലിങ്ങളെ എല്ലാം ഇന്ത്യയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ശിവസേന. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ മുസ്ലിങ്ങൾക്കെതിരായ തീവ്രമായ നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് ശിവസേനയും ഒട്ടും പിന്നിലല്ലാത്ത നിലപാടെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരായ മുസ്ലിങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒമ്പതിന് റാലി നടത്തുമെന്നായിരുന്നു മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ശിവസേനയും ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിലേക്ക് കുടിയേറിയ പാകിസ്താൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ പുറത്താക്കുകതന്നെ വേണമെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന ആവശ്യപ്പെട്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയെ ആദ്യം അനുകൂലിക്കുകയും പിന്നീട് എൻഡിഎ സഖ്യം വിട്ട ശേഷം എതിർക്കുകയും ചെയ്ത പാർട്ടിയാണ് ശിവസേന. മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻസിപി സഖ്യത്തോടൊപ്പം ചേർന്ന് ഭരണം നടത്തുന്ന ശിവസേനയുടെ നിലപാട് കോൺഗ്രസിനും തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്.
അതേസമയം, സിഎഎയിൽ ധാരാളം പഴുതകളുണ്ടെന്നും ശിവസേന ചൂണ്ടിക്കാണിക്കുന്നുണ്ട്. പുതിയ കാവിക്കൊടിയിലേക്ക് ചുവടുമാറിയ മഹാരാഷ്ട്ര നവനിർമാണ സേനയുടെ നടപടിയെയും ശിവസേന കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് മാറ്റിയ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെയെയും ശിവസേന ശക്തമായി വിമർശിച്ചു. പൗരത്വ നിയമത്തെ അനുകൂലിക്കുമെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിർമാൺ സേന വ്യക്തമാക്കിയത്. അതേസമയം ഒരു മാസം മുമ്പ് അവർ നിയമത്തിനെതിരേ നിന്നവരായിരുന്നുവെന്നും ശിവസേന മുഖപ്രസംഗത്തിൽ പറഞ്ഞു.
Discussion about this post