ഓച്ചിറയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച ചായക്കടക്കാരനെ ഒരു സമുദായം പൂര്‍ണമായി ബഹിഷ്‌കരിക്കുന്നു; പുതിയ ആരോപണവുമായി വീണ്ടും ബിജെപി എംപി ശോഭ കരന്തലജെ

ബംഗളൂരു: കൊല്ലം ഓച്ചിറയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച ചായക്കടക്കാരനെ ഒരു സമുദായം പൂര്‍ണമായി ബഹിഷ്‌കരിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക ബിജെപി എംപി ശോഭ കരന്തലജെ വീണ്ടും രംഗത്ത്. ഓച്ചിറയിലെ പൊന്നപ്പന്‍ എന്നയാളുടെ ചായക്കട ഒരു സമുദായം പൂര്‍ണമായി ബഹിഷ്‌കരിച്ചതായി ശോഭ പുതിയ ട്വീറ്റില്‍ പറയുന്നു.

പൗരത്വ നിയമത്തെ അനുകൂലിച്ച് സാമൂഹ്യമാധ്യമത്തിലെഴുതിയതിനെ തുടര്‍ന്നാണ് ബഹിഷ്‌കരണം. ഇതിനെതിരെ കേസെടുക്കാന്‍ കേരളാ പോലീസ് തയ്യാറായോയെന്നും ശോഭ ട്വീറ്റില്‍ കുറിച്ചു.

സമാനമായ ആരോപണം ഉന്നയിച്ച് ഇന്നലെയും ശോഭ രംഗത്ത് വന്നിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ഹിന്ദുകുടുംബത്തിന് കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്. ചിത്രസഹിതമുള്ള ട്വീറ്റില്‍ കേരളം മറ്റൊരു കാശ്മീരാകാനുള്ള കാല്‍വെപ്പ് നടത്തിയെന്നും കുറിച്ചിരുന്നു.

ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവഭാരതിയാണ് ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്നതെന്നും ലുട്ടിയെന്‍സ് മാധ്യമങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ‘സമാധാനപരമായ’ അസഹിഷ്ണുത റിപ്പോര്‍ട്ട് ചെയ്യുമോയെന്നും ശോഭ കരന്ത്ലജെ ചോദിച്ചു. ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍, മലപ്പുറം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് കരന്തലജെക്കെതിരെ കേരളാ പോലീസ് കേസെടുത്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 അ വകുപ്പ് പ്രകാരമാണ് കേരള പോലീസ് ശോഭ കരന്തലജെക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി ശോഭ രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version