ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ രജനീകാന്തിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഐഎഡിഎംകെ നേതാവും മന്ത്രിയുമായ സെല്ലൂര്‍ കെ രാജു. ‘പെരിയാറിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് രജനീകാന്തിന്റെ മകള്‍ക്ക് രണ്ടാമതും വിവാഹം കഴിക്കാന്‍ സാധിച്ചതെന്നും അതുകൊണ്ട് അദ്ദേഹത്തെ മോശമാക്കി സംസാരിക്കുന്നത് ശരിയല്ല’ എന്നുമാണ് മന്ത്രി പറഞ്ഞത്.
അതേസമയം മന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. രജനീകാന്ത് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെ വിവാദത്തിലേക്ക് വലിച്ചിഴച്ച മന്ത്രിയുടെ പ്രവര്‍ത്തി അപലപനീയമാണെന്നാണ് ആരാധകര്‍ പറഞ്ഞത്.
അതേസമയം പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനീകാന്ത്. 1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് രജനീകാന്ത് വ്യക്തമാക്കിയത്. 1971 ല്‍ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജനുവരി 14ന് ചെന്നൈയില്‍ നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് താരം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
Discussion about this post