ന്യൂഡല്‍ഹി: ബിജെപിയില്‍ തുടരണമോ എന്നത് ഒന്നുകൂടി ആലോചിക്കുമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനും ബിജെപി ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്. ബിജെപിയുടെ മതേതരത്വ കാഴ്ചപ്പാട് നഷ്ടപ്പെട്ടു തുടങ്ങിയെന്ന ആകുലതയാണ് തന്നെ പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. പൗരത്വ നിയമത്തില്‍ മുസ്ലീം മതവിഭാഗത്തോടുള്ള വിവേചനമാണ് ചന്ദ്രകുമാര്‍ ബോസിനെ പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിക്കുന്നത്.
”ബിജെപിയിലൂടെ മതേതരത്വവും ഒരുമയുമാണ് ഞാന്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ബിജെപിയില്‍ അംഗത്വമെടുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും അന്നത്തെ ദേശീയ അധ്യക്ഷനായ അമിത് ഷായോടും ഇത് ഞാന്‍ പറയുകയും അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ നേതാജിയുടെ തത്ത്വങ്ങള്‍ പിന്തുടരാന്‍ കഴിയാത്തതായി എനിക്ക് തോന്നുന്നു. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ ഈ പാര്‍ട്ടിയില്‍ തുടരണോ എന്ന് ഒന്നുകൂടി ആലോചിക്കും. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സംസാരിക്കാതെ തീരുമാനമെടുക്കില്ല” ചന്ദ്രബോസ് പറഞ്ഞു.
”ഞാന്‍ സിഎഎയെ പിന്തുണക്കുന്നു. എന്നാല്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവണം. ഏതൊരു വ്യക്തിക്കും മതം നോക്കാതെ പൗരത്വം നല്‍കുമെന്നും മുസ്ലീംകളെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം ഉറപ്പ് നല്‍കണമെന്നും ചന്ദ്രബോസ് പറഞ്ഞു. മോഡിയും അമിത്ഷായും മതപരമായല്ല സിഎഎ എടുത്തിരിക്കുന്നത്. എന്നാല്‍ മറ്റ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎഎയില്‍ നിന്ന് മുസ്ലീം വിഭാഗത്തെ ഒഴിവാക്കുന്നതിനെ വിമര്‍ശിച്ച് ചന്ദ്രബോസ് നേരത്തെയും രംഗത്ത് വന്നിരുന്നു.