അഹമ്മദാബാദ്: സാവ്ലി മണ്ഡലം എംഎല്‍എ കേതന്‍ ഇനാംദാറിന്റെ രാജിക്ക് പിന്നാലെ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി. എംഎല്‍എയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ രാജിവെച്ചു.
ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് സാവ്ലി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബിജെപി നേതാക്കളാണ് രാജിവെച്ചത്. സാവ്ലി മുനിസിപ്പല്‍ അധ്യക്ഷന്‍ കെഎച്ച് സേഥ്, ഉപാധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളും രാജി സമര്‍പ്പിച്ചു.
കൂടാതെ, വഡോദര ഡെയറി അധ്യക്ഷനും മുന്‍ എംഎല്‍എയുമായ പാദ്ര ദിനേശ് പട്ടേല്‍, കാര്‍ഷികോല്‍പ്പന്ന വിപണന സമിതിയിലെ അംഗങ്ങളും പാര്‍ട്ടി സ്ഥാനം വഹിക്കുന്നവരും രാജിസമര്‍പ്പിച്ചു.
അതേസമയം, രാജിവെച്ച എംഎല്‍എ കേതന്‍ ഇനാംദാറിനെ കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. എന്നാല്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് ഇടപെടേണ്ടെന്നും രൂപാണി വ്യക്തമാക്കി.