ഇന്‍ഡോര്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയുടെ പേരെടുത്ത് ഉദാഹരണം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രൂപയുടെ മൂല്യത്തകര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതാവിന്റെ പ്രായവുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശത്തിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഇന്‍ഡോര്‍ നഗരത്തില്‍ നടത്തിയ തെരഞ്ഞെടുപ്പു റാലിയിലാണ് ബോളിവുഡ് താരം കൂടിയായ ബബ്ബറിന്റെ വിവാദ പരാമര്‍ശം.
‘പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് മോഡി, ഡോളറിനെതിരേ രൂപയുടെ മൂല്യശോഷണത്തെ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പ്രായവുമായാണ് ഉപമിച്ചത്. അദ്ദേഹത്തി(മന്‍മോഹന്‍ സിങ്)ന്റെ പേര് അന്നു താങ്കള്‍ (മോഡി) ഉപയോഗിച്ചത് ബഹുമാനത്തിന്റെ പേരിലല്ല എന്നറിയാം. രൂപയുടെ ഇന്നത്തെ മൂല്യം അങ്ങയുടെ മാതാവിന്റെ പ്രായത്തിനു തുല്യമായിരിക്കുകയാണെന്നു പറയണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, ഞങ്ങളുടെ സംസ്‌കാരം ഇതനുവദിക്കുന്നില്ല’ എന്നായിരുന്നു ബബ്ബര്‍ പറഞ്ഞത്.
ബബ്ബറിന്റെ വാക്കുകള്‍ പാര്‍ലമെന്ററി മര്യാദകള്‍ക്കു നിരക്കുന്നതല്ലെന്നായിരുന്നു ബിജെപി ദേശീയ വക്താവ് സംബിത് പത്രയുടെ പ്രതികരണം.