ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനും ബിജെപി ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്. ഇന്ത്യ രണ്ടാമതൊരു വിഭജനത്തിലേക്ക് നീങ്ങുകയാണെന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു ചന്ദ്രകുമാറിന്റെ വിമര്‍ശനം.
‘ഇന്ന് രാജ്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല, എന്നാല്‍ ഇന്ത്യന്‍ സമുദായങ്ങള്‍ക്കുള്ളില്‍ ഇന്ന് യാതൊരു ഐക്യവുമില്ല.’ എന്റെ മുത്തച്ഛനെ പോലുള്ളവര്‍ക്ക് മാത്രമേ ഇന്ത്യയെ അതിന്റെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ. നേതാജിയെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യം ഭിന്നിക്കപ്പെടും, വീണ്ടും വിഭജനം ഉണ്ടാകും, പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന സന്ദേശമാണ് ഇത്.’ ചന്ദ്രകുമാര്‍ വ്യക്തമാക്കി.
സിഎഎയെ വിമര്‍ശിച്ച് നേരത്തെയും ചന്ദ്രകുമാര്‍ രംഗത്ത് വന്നിരുന്നു. സിഎഎയില്‍ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് ചന്ദ്രകുമാര്‍ ആവശ്യപ്പെട്ടത്. സിഎഎ വിഷയത്തില്‍ ബിജെപിയില്‍ തന്നെ ഭിന്നത രൂക്ഷമാകുന്നതിന്റെ തെളിവാണ് ചന്ദ്രകുമാറിന്റെ പ്രസ്താവന.