ലഖ്നൗ: ഉത്തർപ്രദേശിലെ ബാബാ രാംദേവിന്റെ പതഞ്ജലി നിർമ്മിക്കുന്ന 6000 കോടി രൂപയുടെ ഫുഡ് പാർക്കിന് സബ്സിഡി നൽകി യോഗി സർക്കാർ. ഗ്രേറ്റർ നോയിഡയിലെ യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം 6000 കോടി രൂപ ചെലവിലാണ് പതഞ്ജലി മെഗാ ഫുഡ് പ്രോജക്ട് പാർക്ക് നിർമ്മിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
പതഞ്ജലിയുടെ ഫുഡ് പാർക്ക് നിക്ഷേപം കൊണ്ടു വരുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സംസ്ഥാനത്തെ കർഷകരെ സഹായിക്കുമെന്നും അതിനാലാണ് സബ്സിഡി ഉൾപ്പടെയുള്ള സഹായങ്ങളെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പതഞ്ജലി ആയുർവേദ ലിമിറ്റഡിന് സംസ്ഥാന സർക്കാർ നേരത്തെ സബ്സിഡി നൽകിയിരുന്നു.
പതഞ്ജലിക്ക് അനുവദിച്ച 455 ഏക്കർ ഭൂമിയിൽ 9 ഏക്കർ ഫുഡ് പാർക്ക് സ്ഥാപിക്കുന്നതിനായി മാറ്റി വെക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇപ്പോൾ മന്ത്രിസഭയിൽ നിന്ന് അനുമതി ലഭിച്ചതോടെ അനുബന്ധ സ്ഥാപനമായ പതഞ്ജലി ഫുഡ് ആൻഡ് ഹെർബൽ പാർക്ക് എന്നിവയ്ക്കും സബ്സിഡി നൽകും.
Discussion about this post