ഡല്‍ഹി തെരഞ്ഞെടുപ്പിനെ ‘ഇന്ത്യ-പാകിസ്താന്‍’ മത്സരത്തിനോട് ഉപമിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനോട് ഉപമിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര. ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമെന്നായിരുന്നു കപില്‍ മിശ്രയുടെ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു കപിലിന്റെ വിവാദ പ്രതികരണം.

‘ഇന്ത്യ * പാകിസ്താന്‍, ഫെബ്രുവരി എട്ട് ഡല്‍ഹി. ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും’- എന്നായിരുന്നു കപിലിന്റെ ട്വീറ്റ്.

നേരത്തെ ആം ആദ്മി പാര്‍ട്ടി അംഗമായിരുന്ന കപില്‍, അരവിന്ദ് കെജരിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബിജെപിയില്‍ എത്തിയത്. എഎപി വിട്ടതിനു പിന്നാലെ കെജരിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ നിന്നാണ് ഇക്കുറി കപില്‍ ജനവിധി തേടുന്നത്. അഖിലേഷ് പതി ത്രിപാഠിയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. പതിനൊന്നിനാണ് ഫലപ്രഖ്യാപനം.

Exit mobile version