റായ്ചൂർ: കഴിഞ്ഞപ്രളയകാലത്ത് പുഴ കരകവിഞ്ഞൊഴുകി റോഡിനെ മുക്കി കളഞ്ഞപ്പോൾ ജീവൻ പണയം വെച്ച് ആംബുലൻസിന് വഴി കാണിച്ച 12-കാരനെ ആദരിക്കാൻ ഒരുങ്ങി രാജ്യം. വെങ്കിടേഷ് എന്ന ഈ കൊച്ചുപയ്യനെ ധീതയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചാണ് രാജ്യം ആദരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ പുരസ്‌കാരം സമ്മാനിക്കും. റായ്ചൂർ ജില്ലയിലെ ദേവദുർഗ താലൂക്കിലെ ഹിരേരായകുമ്പി ഗ്രാമവാസിയാണ് വെങ്കിടേഷ്. കർണാടക സർക്കാർ 2019ലെ സ്വാതന്ത്ര്യദിനത്തിൽ ധീരതയ്ക്കുള്ള പുരസ്‌കാരം നൽകി വെങ്കിടേഷിനെ ആദരിച്ചിരുന്നു. അതിന് പിന്നാലെയാണ് ദേശീയപുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം കർണാടകയിൽ വെള്ളപ്പൊക്കത്തിൽ കൃഷ്ണ നദിക്കരയിൽ കുടുങ്ങിയ ആംബുലൻസിന് വഴി കാണിക്കാൻ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന പാലത്തിലൂടെ ഓടിയ ആറാം ക്ലാസ് വിദ്യാർത്ഥി വെങ്കിടേഷിന് അന്ന് സോഷ്യൽമീഡിയയിലൂടെ ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. അരയ്ക്കൊപ്പം ഉയർന്ന വെള്ളത്തിലൂടെ ആംബുലൻസിന് മുന്നിൽ ഓടിയും നീന്തിയുമാണ് വെങ്കിടേഷ് വഴി കാണിച്ചത്.
ഇന്ത്യൻ കൗൺസിൽ ഓഫ് ചൈൽഡ് വെൽഫെയർ നാഷണൽ ബ്രേവറി അവാർഡ് 2019 ജനുവരി 26- ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് വെങ്കിടേഷിന് സമ്മാനിക്കുക. മെഡലും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം. കർണാടകയിലെ തൊഴിൽ വകുപ്പ് സെക്രട്ടറി പി മണിവന്നൻ ഐഎഎസാണ് വെങ്കിടേഷിന്റെ പേര് വനിതാ-ശിശു വികസന വകുപ്പിന് ധീരതക്കുള്ള അവാർഡിന് ശുപാർശ ചെയ്തത്.