പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് സദ്ഗുരു ജഗ്ഗി വാസുദേവ്. രാജ്യത്ത് നടക്കുന്ന അതിരുവിട്ട പ്രതിഷേധങ്ങൾ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ ഇല്ലാതാക്കുമെന്ന് സദ്ഗുരു പറഞ്ഞു. ജനങ്ങളുടെ ഇത്തരം ആക്രമണങ്ങൾ വിദേശ രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ വില ഇല്ലാതാക്കുമെന്നും ജഗ്ഗി വാസുദേവ് അഭിപ്രായപ്പെട്ടു.
സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക സമിതി സമ്മേളനത്തിനിടെ ഇന്ത്യ ടുഡേ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിൽ ബസുകൾ കത്തിയമരുന്ന ഒരു രാജ്യത്ത് നിക്ഷേപത്തിന് ആരാണ് തയ്യാറാവുകയെന്നും ജഗ്ഗി വിമർശിച്ചു. ഇന്ത്യയുടെ മുന്നിലുള്ള അനന്തമായ സാധ്യതകളിൽ ദാവോസിൽ പങ്കെടുത്തവർ ആവേശത്തിലാണെന്നും എന്നാൽ രാജ്യത്തെ പ്രക്ഷോഭങ്ങൾ നിയന്ത്രിതമായോ എന്നാണ് അവർക്ക് അറിയേണ്ടതെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചും സദ്ഗുരു പ്രതികരണം വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരായ മുസ്ലീംങ്ങളെ പൂർണ്ണമായും ഒഴിവാക്കി പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദുക്കളടക്കമുള്ള ആറ് ന്യൂനപക്ഷ വിഭാഗത്തിന് മാത്രം പൗരത്വം നൽകുമെന്നാണ് നിയമത്തെ എതിർക്കുന്നവരുടെ ധാരണയെന്നും സദ്ഗുരു കുറ്റപ്പെടുത്തി. പുതിയ നിയമ ഭേദഗതയിൽ ആരുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അയൽ രാജ്യങ്ങളിൽ കൊടിയ പീഢനങ്ങൾ അനുഭവിച്ച ജനവിഭാഗത്തെ സംരക്ഷിക്കാനാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കേന്ദ്രം വ്യക്തമാക്കിയതാണെന്നും ജഗ്ഗി വാസുദേവ് വിശദീകരിച്ചു.
Discussion about this post