തേജസ് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ വൈകിയോടി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവുമായി റെയില്‍വേ

മുംബൈ: തേജസ് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ വൈകിയോടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. അഹമ്മദാബാദ്-മുംബൈ റൂട്ടിലോടുന്ന ട്രെയിന്‍ കഴിഞ്ഞ ദിവസം ഒന്നര മണിക്കൂര്‍ വൈകിയാണ് മുംബൈയില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങിയിരിക്കുന്നത്.

ട്രെയിനില്‍ യാത്ര ചെയ്ത 630 യാത്രക്കാര്‍ക്കാണ് നൂറ് രൂപ വീതമാണ് നഷ്ടപരിഹാരമായി നല്‍കുക. റീഫണ്ട് പോളിസി അനുസരിച്ച് യാത്രക്കാര്‍ അപേക്ഷ നല്‍കണമെന്നും പരിശോധനയ്ക്ക് ശേഷം ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ഐആര്‍സിടിസി വക്താവ് അറിയിച്ചിരിക്കുന്നത്. 18002665844 എന്ന നമ്പറിലോ irctcclaims@libertyinsurance.in എന്ന ഇമെയിലേക്കോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്ന് ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ട്രെയിന്‍ അഹമ്മദാബാദില്‍ നിന്ന് 6.42ന് രണ്ട് മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. എന്നാല്‍ മുംബൈയില്‍ ഉച്ചയ്ക്ക് 1.10ന് എത്തിച്ചേരേണ്ട ട്രെയിന്‍ 2.36നാണ് മുംബൈ സെന്‍ട്രലില്‍ എത്തിയത്. ഭയന്ദര്‍, ദാഹിസര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് ട്രെയിന്‍ വൈകിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Exit mobile version