ഞാനുറപ്പ് തരുന്നു, ഇന്ത്യന്‍ മുസ്‌ലിംകളെ ആരും തൊടില്ല; രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സിഎഎയുടെ വിഷയത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

മീററ്റില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപരമായ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പോരാടുകയും ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയുമാണ്. പൗരത്വ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യ ധാര്‍മ്മിക ബാധ്യത നിറവേറ്റുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യന്‍ പൗരനായ ഒരു മുസ്ലിമിനെയും തൊടാന്‍ ആര്‍ക്കും കഴിയില്ല. ഇക്കാര്യം ഇവിടെയുള്ള മുസ്ലിംകളോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് തങ്ങളുടെ അടുത്തേക്ക് വരാം, ആ മുസ്‌ലിം പൗരനോടൊപ്പം നില്‍ക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

എന്‍ആര്‍സിയെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. പക്ഷേ, ഒരു രാജ്യം പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക, എന്തിന് ഇതിനെ എതിര്‍ക്കണം? സര്‍ക്കാര്‍ പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ തേടുന്നതിന് ജനങ്ങള്‍ക്ക് ഒരു രേഖ ആവശ്യമല്ലേ? എന്നും കേന്ദ്ര പ്രതിരോധമന്ത്രി ചോദിച്ചു.

പൗരത്വ ഭേദഗതി നിയമം , ദേശീയ പൗരത്വ രജിസ്റ്റര്‍ , ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരെ രാജ്യം മുഴുവന്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.

Exit mobile version