മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകൾ ഇനി റിപ്പബ്ലിക് ദിനം മുതൽ പ്രവൃത്തി ദിനങ്ങൾ ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ച്. ദിവസവും രാവിലെയുള്ള അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നിർദേശിച്ചു. മന്ത്രി വർഷ ഗെയ്ക്ക് വാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ ജനുവരി 26 മുതലാണ് പുതിയ തീരുമാനം നടപ്പാക്കി തുടങ്ങുകയെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് ആമുഖം വായിക്കുക. ഭരണഘടനയുടെ പരമാധികാരം, ക്ഷേമം എല്ലാവർക്കും എന്ന പേരിൽ സർക്കാർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് സ്കൂളുകളിൽ ഭരണഘടന വായിക്കാനുള്ള തീരുമാനം. ഇത്തരത്തിൽ ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾ എന്നും വായിക്കുന്നതോടെ അവർക്ക് അതിന്റെ പ്രാധാന്യം മനസ്സിലാവും. ഇതൊരു പഴയ സർക്കാർ പ്രമേയമാണെന്നും ഈ ജനുവരി 26 മുതൽ അത് നടപ്പിലാക്കുന്നുവെന്നും മന്ത്രി വർഷ ഗെയ്ക്ക്വാദ് പറഞ്ഞു.
ഭരണഘടന വിരുദ്ധമായ പൗരത്വ നിയമം മഹാരാഷ്ട്രയിൽ നടപ്പിലാക്കില്ലെന്ന് സഖ്യസർക്കാരിലെ അംഗങ്ങളായ നിരവധി കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടതിനിടെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഈ നീക്കം.