ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെ ജോലിയിൽ തിരിച്ചെടുത്തു. കോടതിയെ തന്നെ സംശയത്തിന്റെ മുനയിൽ നിർത്തിയ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ഗൊഗോയിക്ക് എതിരായ ആരോപണം. തനിക്കെതിരെ നിരവധി തവണയായുണ്ടായ സ്ഥലംമാറ്റ നടപടിയെ ചോദ്യംചെയ്ത ജീവനക്കാരി അനുമതി ഇല്ലാതെ ലീവ് എടുത്തതിനാണ് അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നത്. പിന്നീട് 2019 ഏപ്രിലിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരെ കോടതി ജീവനക്കാരി ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തിയത്. രഞ്ജൻ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി രാജ്യത്തെ 22 ജഡ്ജിമാർക്ക് ഇവർ കത്തയക്കുകയായിരുന്നു.
2018ൽ സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റൻറായി ജോലി ചെയ്യവെ ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വെച്ച് അപമാനിക്കപ്പെട്ടു എന്നതായിരുന്നു പരാതി. പീഡനം പുറത്തു പറഞ്ഞാൽ വ്യാജ കൈക്കൂലി കേസിൽ പെടുത്തുമെന്ന് ഗൊഗോയ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. പീഡനത്തെ എതിർത്തതിനാൽ രണ്ട് മാസം കഴിഞ്ഞ് തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ തനിക്കെതിരായ ലൈംഗികപീഡന പരാതിക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു.
പരാതിയിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്താൻ വിരമിച്ച സുപ്രീംകോടതി ജഡ്ജി എകെ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ജീവനക്കാരിയുടെ പരാതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എൻവി രമണ, ഇന്ദിര ബാനർജി എന്നിവരങ്ങിയ അന്വേഷണ സമിതിയാണ് പരിഗണിക്കുന്നത്.
Discussion about this post