മുംബൈ: മുംബൈയിലെ മാളുകളും സിനിമാ തീയേറ്ററുകളും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിച്ചാല്‍
ബലാത്സംഗക്കേസുകള്‍ കൂടുമെന്ന് ബിജെപി നേതാവ് രാജ് പുരോഹിത്. മുംബൈയിലെ പാര്‍പ്പിടമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത കടകള്‍, മാളുകള്‍, തീയേറ്ററുകള്‍, ഭക്ഷണശാലകള്‍ എന്നിവ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയോട് എതിര്‍പ്പ് അറിയിച്ച് രാജ് പുരോഹിത് രംഗത്തെത്തിയത്.
രാത്രി ജീവിതം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. ഇത് യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കും. കൂടാതെ ഇത് ബലാത്സംഗക്കേസുകളുടെ എണ്ണത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും വര്‍ധനയുണ്ടാക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി മുംബൈയിലെ രാത്രിജീവിതത്തെ എതിര്‍ത്തു കൊണ്ടിരിക്കുന്നയാളാണ് ഞാനെന്നും രാജ് പുരോഹിത് പറഞ്ഞു.
രാത്രി ജീവിതം മദ്യസംസ്‌കാരം കൂടുതല്‍ ജനപ്രിയമാക്കും. അങ്ങനെ വന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. ആയിരക്കണക്കിന് നിര്‍ഭയ കേസുകള്‍ ഉണ്ടാകും. അതിനാല്‍ ഇത്തരം സംസ്‌കാരങ്ങള്‍ ഇന്ത്യക്ക് നല്ലതാണോയെന്ന് ഉദ്ധവ് താക്കറേ ചിന്തിക്കണമെന്നും രാജ് പുരോഹിത് കൂട്ടിച്ചേര്‍ത്തു.
Discussion about this post