കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധെത്ത തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മംഗളൂരു സ്റ്റേഷനില്‍ ഹാജരാകാന്‍ 1800 മലയാളികള്‍ക്ക് കര്‍ണാടക പോലീസ് നോട്ടീസ് അയച്ചു.
ഡിസംബര്‍ 19ന് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് 1800 മലയാളികള്‍ക്ക് കണാടക പോലീസ് നോട്ടീസ് അയച്ചത്. അന്നത്തെ പ്രക്ഷോഭത്തിനിടെ നടന്ന പോലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം നടന്ന ദിവസത്തെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇത്രയും പേര്‍ക്ക് നോട്ടീസ് നല്‍കിയത്.
മംഗളൂരു സിറ്റി ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസി. കമ്മീഷണറുടെ പേരിലാണ് നോട്ടീസ് വന്നിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.
എന്നാല്‍ നിരപരാധികളായ ആളുകള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും മംഗളൂരുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന് വരുത്തിതീര്‍ക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് അംഗം അലി ഹര്‍ഷാദ് വോര്‍കാടി ആരോപിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കര്‍ണാടക പോലീസ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.