ജമ്മു കാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടവര്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്. ദൗത്യത്തില്‍ കാശ്മീര്‍ പോലീസും പങ്കാളികളായി. കൊല്ലപ്പെട്ട ഭീകരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. സൈനപോര സ്വദേശി ആദില്‍ ഷേഖ്, ഊര്‍പോര സ്വദേശി വാസിം വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 2018-ല്‍ പിഡിപി എംഎല്‍എ അജാജ് മിറിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ് ആദില്‍ ഷേഖ്.

Exit mobile version