ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. നിയമം അനുസരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഇടപെട്ടില്ലെങ്കില്‍ നിയമം നിലനില്‍ക്കും. അങ്ങനെ നിലനില്‍ക്കുന്ന കേന്ദ്രനിയമത്തെ അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. നിയമം അനുസരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകും- സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയില്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കുകയെന്നത് സുപ്രീംകോടതിയെ ആശ്രയിച്ചാണിരിക്കുന്നത്. സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അതുവരെ പറഞ്ഞതും ചെയ്തതും ചെയ്യാതിരുന്നതുമായ കാര്യങ്ങളെല്ലാം താത്കാലികമായിരിക്കും- സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു
പൗരത്വ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ജനുവരി 22 നാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.
Discussion about this post