ന്യൂഡല്‍ഹി: തൊഴിലില്ലായ്മയാണ് നിലവില്‍ ഇന്ത്യയുടെ പ്രശ്നമെന്നും ജനസംഖ്യാവര്ധനവല്ലെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ഉവൈസി രൂക്ഷമായി വിമര്‍ശിച്ചു.
ഒരു കുടുംബത്തില്‍ രണ്ടു കുട്ടികളെന്ന നിയമം കൊണ്ടുവരണമെന്നും ഇതിലൂടെ രാജ്യത്തിന്റെ ശരിയായ സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താമെന്നും കഴിഞ്ഞദിവസം മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ ഭാഗവതിന് മറുപടിയുമായി ഉവൈസി രംഗത്തെത്തിയത്.
” തനിക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്. നിരവധി ബിജെപി നേതാക്കള്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്. മുസ്ലിം ജനസഖ്യ നിയന്ത്രിക്കണമെന്നതില്‍ എല്ലായ്പ്പോഴും ആര്‍എസ്എസ് മുറുകെപ്പിടിക്കുന്നു. രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്നം തൊഴിലില്ലായ്മയാണ്, അതല്ലാതെ ജനസംഖ്യയല്ല” ഒവൈസി പറഞ്ഞു.
”രാജ്യത്ത് നിരവധി യുവാക്കള്‍ക്കാണ് ജോലി ഇല്ലാത്തത്. തൊഴിലില്ലായ്മ മൂലം 2018ല്‍ ദിവസവും 36 യുവാക്കളാണ് ആത്മഹത്യ ചെയ്തത്. എത്ര യുവാക്കള്‍ക്ക് നിങ്ങള്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്?. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആര്‍ക്കും തൊഴില്‍ നല്കാന് നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് രണ്ടു കുട്ടി നയവുമായി ആര്‍എസ്എസ് വരുന്നതെന്നും നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഉവൈസി വ്യക്തമാക്കി.
.
Discussion about this post