തെലങ്കാന: രാജ്യത്തിന് രണ്ടു കുട്ടികൾ നയം ആവശ്യമാണെന്ന ആർഎസ്എസ് തലവൻ മോഹൻ ബാഗവതിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി മുസ്ലിം ജനസംഖ്യാ വർധനവല്ലെന്നും തൊഴിലില്ലായ്മയാണെന്നും ഒവൈസി പറഞ്ഞു. ഭാഗവതിന്റെ പ്രസ്താവനയോർത്ത് ലജ്ജിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എനിക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. അതു പോലെതന്നെ പല ബിജെപി നേതാക്കൾക്കും രണ്ടിലേറെ കുട്ടികളുള്ളവരുണ്ട്. മുസ്ലിം ജനസംഖ്യ കുറയ്ക്കണമെന്ന കാര്യത്തിൽ എപ്പോഴും ജാഗ്രത പുലർത്തിപോരാൻ ശ്രമിക്കുന്ന സംഘടനയാണ് ആർഎസ്എസ്, ഈ രാജ്യത്തിന്റെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്, ജനസംഖ്യയല്ലെന്നും ഒവൈസി പറഞ്ഞു. ഈ രാജ്യത്ത് എത്ര യുവാക്കൾക്ക് തൊഴിൽ ലഭിച്ചുവെന്നും തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിടിയിൽ സംസാരിക്കവെ ഒവൈസി ചോദിച്ചു.
2018ൽ രാജ്യത്ത് പ്രതിദിനം 36 യുവാക്കളാണ് തൊഴിലില്ലായ്മ പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തത്. യുവാക്കൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അഞ്ചു വർഷത്തെ ഭരണ കാലത്ത് യുവാക്കൾക്ക് ജോലി നൽകാൻ നിങ്ങൾക്കായിട്ടില്ല. അതു കൊണ്ടാണ് രാജ്യത്ത് രണ്ടു കുട്ടികൾ എന്ന നയം നടപ്പിലാക്കാൻ ആർഎസ്എസ് നിർബന്ധിക്കുന്നത്. രാജ്യത്തെ 60 ശതമാനം വരുന്ന ജനസംഖ്യയും 40 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇതിലൊക്കെ നിങ്ങൾക്കെന്താണ് പറയാനുള്ളതെന്നും ഒവൈസി ഭാഗവതിനോടായി ചോദിച്ചു.
അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിനുള്ള പിന്തുണയുമായി പ്രചാരണം നടത്തുന്നതിനിടെയാണ് ഒരു കുടുംബത്തിന് രണ്ടു കുട്ടികൾ എന്ന നയം സ്വീകരിക്കണമെന്ന് ആർഎസ്എസ് പ്രവർത്തകരോട് ഭാഗവത് ആഹ്വാനം ചെയ്തത്.
Discussion about this post