ന്യൂഡൽഹി: കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി നടി ഷബാന ആസ്മിയ്ക്കും ഭർത്താവിനും പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിലാണ് ഡ്രൈവറായ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഇന്നലെ വൈകുന്നേരം മൂംബൈ പൂനെ എക്സ്പ്രസ് ഹൈവേയിൽ വെച്ചായിരുന്നു ഷബാനയും ഭർത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ പാഞ്ഞ് വന്ന് ലോറിക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവറായ രാജേഷ് പാണ്ഡുരംഗ് ഷിൻഡെയാണ് പരാതി നൽകിയത്. അമിത വേഗതയിൽ വന്ന വാഹനം ഓടികൊണ്ടിരിക്കുന്ന ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ഷിൻഡെയുടെ മൊഴി. ഇതുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അപകടം നടന്നയുടനെ ഷബാന ആസ്മിയെ അടുത്തുള്ള എംജിഎം ആശുപത്രിയിൽ എത്തിച്ചിരുന്നു. നടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് മുംബൈയിലെ കോകിലാബെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ഡ്രൈവർക്കും ഗുരുതരപരിക്കുണ്ട്. ഷബാനയുടെ തലക്കും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. അവർ നിരീക്ഷണത്തിൽ തുടരുകയാണ്.
Discussion about this post