ചെന്നൈ: പൗരത്വ നിയമഭേദഗതിക്ക് എതിരെ എന്നും നിലകൊള്ളുമെന്ന് ഡിഎംകെ നേതാവ് കനിമൊഴി. സിഎഎയ്ക്ക് എതിരായ പ്രതിഷേധത്തിൽ ഡിഎംകെ പ്രതിപക്ഷത്തിനൊപ്പം തന്നെയാണെന്നും കോൺഗ്രസുമായി നേരിയ അഭിപ്രായ വ്യത്യാസമാണ് നിലനിൽക്കുന്നതെന്നും കനിമൊഴി വിശദീകരിച്ചു. എൻഡിഎയുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കനിമൊഴി വ്യക്തമാക്കി. സ്വകാര്യമാധ്യമത്തോടായിരുന്നു പ്രതികരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തതിന് മറ്റു ചില കാരണങ്ങൾ ഉണ്ടെന്നും എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷത്തിനൊപ്പം യോജിച്ചു തന്നെ മുന്നോട്ടു പോവുമെന്നും അവർ വ്യക്തമാക്കി
നേരത്തെ, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിനും ഡിഎംകെയ്ക്കുമിടയിൽ തർക്കം ഉടലെടുത്തത്. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തർക്കം അവസാനിച്ചതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഴഗിരി ഇന്നലെ പ്രതികരിച്ചിരുന്നു. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പ്രശ്നം അവസാനിച്ചതായി കോൺഗ്രസ് വ്യക്തമാക്കിയത്.
Discussion about this post