ന്യൂഡൽഹി: ഗുജറാത്തിൽ മാത്രം ആധിപത്യം പുലർത്തിയ പാർട്ടിയെ ദേശീയതലത്തിൽ തന്നെ വലിയ സ്വാധീന ശക്തിയായി കഴിഞ്ഞദശകത്തിൽ വളർത്തിയെടുത്ത ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പടിയിറങ്ങുന്നു. പാർട്ടിയെ നേട്ടങ്ങൾക്കൊപ്പം തിരിച്ചടികളും ആശങ്കപ്പെടുത്തുന്നതിനിടെയാണ് അമിത് ഷായുടെ അവരോഹണം. ഷായുടെ സ്ഥാനത്തേക്ക് ജെപി നദ്ദ നിയോഗിക്കപ്പെടുമെന്നാണ് വിവരം. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ഈ മാസം 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാകും നദ്ദ ചുമതലയേൽക്കുക. ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ അധ്യക്ഷ സ്ഥാനവും കൈകാര്യം ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങിലാകും നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. നിലവിൽ പാർട്ടി വർക്കിങ് അധ്യക്ഷനാണ് നദ്ദ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി അമിത് ഷാ രണ്ടാം മോഡി സർക്കാരിൽ അഭ്യന്തരമന്ത്രിയായതോടെയാണ് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവ് ജെപി നദ്ദയെ വർക്കിങ് പ്രസിഡന്റായി നിയമിച്ചത്.
ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ അമിത് ഷായുടെ വിശ്വസ്തൻ ഭൂപീന്ദർ യാദവ് ബിജെപിയുടെ പുതിയ വർക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന.