പൗരത്വ നിയമം; കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

അലഹാബാദ്: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനെ വീണ്ടും പോലീസ് കസ്റ്റഡിയിലേടുത്തു. ദേശീയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ അലഹാബാദ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

കസ്റ്റഡിലെടുത്തതായുള്ള വിവരം കണ്ണന്‍ ഗോപിനാഥന്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ശനിയാഴ്ച

അലഹാബാദിലെ സര്‍ദാര്‍ വല്ലഭായി പാട്ടേല്‍ സന്‍സ്ഥാനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ദേശീയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില് പങ്കെടുക്കുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് താന്‍ അലഹാബാദ് വിമാനത്താവളത്തിലാണെന്ന കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ് വന്നു. തൊട്ടുപിന്നാലെ താന്‍ കസ്റ്റഡിയിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടര്‍ന്ന് രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണന്‍ ഗോപിനാഥന്‍ പോലീസ് കസ്റ്റഡിയിലാകുന്നത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയുമാണ് കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കസ്റ്റഡിയിലെടുക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഐഎഎസ് ഉപേക്ഷിച്ച വ്യക്തിയാണ് കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ നിയമത്തെ തുടക്കം മുതല്‍ എതിര്‍ക്കുന്ന ആളായിരുന്നു അദ്ദേഹം.

Exit mobile version