റായ്പുർ: പൗരത്വ നിയമഭേദഗതിയെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ തർക്കമുണ്ടെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. രാജ്യം മുഴുവൻ ആ തർക്കത്തിന്റെ പേരിൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഭൂപേഷ് ബാഘേൽ കുറ്റപ്പെടുത്തി. റായ്പുരിൽ വെച്ചു നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ നടപ്പാക്കുമെന്ന് അമിത് ഷാ പറയുമ്പോൾ, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെടുന്നു. ഇതിൽ ആരാണ് സത്യം പറയുന്നത്, ആരാണ് കള്ളം പറയുന്നത്? ഇക്കാര്യത്തിൽ രണ്ടു നേതാക്കൻമാരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് രാജ്യം ദുരിതം അനുഭവിക്കുന്നത്- ഭൂപേഷ് ബാഘേൽ കുറ്റപ്പെടുത്തി. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ബാഘേൽ ആരോപിച്ചു.
ബിജെപി ഭരണത്തിന്റെ ആദ്യ അഞ്ചുവർഷങ്ങളിൽ നരേന്ദ്ര മോഡി നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നടപ്പാക്കി. കഴിഞ്ഞ ഏഴ് മുതൽ എട്ട് മാസങ്ങളായി അമിത് ഷാ ആണ് തീരുമാനങ്ങളെടുക്കുന്നത്. 370-ാം അനുച്ഛേദം റദ്ദാക്കിയത് അമിത് ഷായാണ്. പിന്നാലെ ദേശീയ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. ദരിദ്രർക്ക് അവരുടെ പൗരത്വം തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും എങ്ങനെ ഹാജരാക്കാൻ കഴിയുമെന്നും ഭൂപേഷ് ബാഘേൽ ചോദിച്ചു. തുടക്കം മുതൽ പൗരത്വ രജിസ്റ്ററിനേയും പൗരത്വ ഭേദഗതിയേയും എതിർക്കുന്ന വ്യക്തിയാണ് ഭൂപേഷ് ബാഘേൽ.