മുംബൈ: കാശ്മീരിൽ നിന്നും ഡൽഹിയിലേക്ക് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ കടത്തുന്നതിനിടെ ഡെപ്യൂട്ടി എസ്പി ദേവീന്ദർ സിങ് അറസ്റ്റിലായ സംഭവത്തിൽ പോലീസിനേയും നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിനേയും വിമർശിച്ച് ശിവസേന. കാശ്മീരിൽ അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി തീവ്രവാദികൾക്ക് അതിർത്തി കടക്കാനുള്ള സഹായം നൽകുകയാണ് പോലീസ് ചെയ്യുന്നതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌ന വിമർശിക്കുന്നു.
പോലീസ് മെഡൽ നേടിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ അറസ്റ്റിലായിരിക്കുകയാണ്. കാശ്മീരിൽ സർക്കാർ മറ്റുചില സേവനങ്ങൾക്കായി പോലീസിനെ ഉപയോഗിക്കുകയാണ്. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ പ്രകടിപ്പിച്ചാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തുമറുപടിയാണ് നൽകുകയെന്നും ലേഖനത്തിലൂടെ സാമ്ന ചോദിക്കുന്നു.
ജമ്മു കശ്മീരിൽ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയുടെ പ്രഭാവവും സ്വീകാര്യതയും വരുന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ ജനങ്ങളിലൂടെ മനസിലാക്കാമെന്നും സാമ്ന പറയുന്നു. ജമ്മു കാശ്മീർ ഇപ്പോൾ കേന്ദ്ര ഭരണപ്രദേശങ്ങളാണ്. രാഷ്ട്രപതിയാണ് ഭരണം നടത്തുന്നത്. 370-ാം അനുച്ഛേദം റദ്ദാക്കുക എന്ന ചരിത്രപരമായ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നു. അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുളള സന്തോഷവും ആശ്ചര്യവും റിപ്പബ്ലിക് ദിന ആഘോഷത്തിൽ വ്യക്തമാകും. ജമ്മു കശ്മീരിലെ എല്ലാ വീടുകൾക്കും മുകളിലുമായി ത്രിവർണപതാക പാറുന്നത് കാണണം. നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അതാണ്- സാമ്നയിൽ പറയുന്നു.
അടുത്ത നാളുകളിലായി തീവ്രവാദികൾ അറസ്റ്റിലായതിനാൽ ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സമാധാനപരമായി റിപ്പബ്ലിക് ദിനാഘോഷം നടക്കുമെന്ന ശുഭാപ്തി വിശ്വാസവും ലേഖനം പ്രകടിപ്പിച്ചു.
Discussion about this post