രാജ്ഭവനുകളിൽ കേന്ദ്രം നിയമിക്കുന്നത് ഇഷ്ടക്കാരെ; നിയമത്തിന് അതീതനല്ല മന്ത്രിസഭയുടെ തീരുമാനങ്ങളനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കപിൽ സിബൽ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേയും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന കേരള ഗവർണർക്കെതിരേയും വിമർശനവുമായി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. ഇന്ത്യ ഭരിക്കുന്നത് ജനങ്ങളെ കേൾക്കാത്ത സർക്കാറാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ തകർക്കാൻ ഒരു ശക്തിക്കുമാകില്ല. സർവകലാശാലകളെ ആദ്യം തകർക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടേയും നയം. അതാണ് ഡൽഹിയിൽ ഇപ്പോൾ കേന്ദ്രം നടപ്പാക്കുന്നതെന്നും കപിൽ സിബൽ ആരോപിച്ചു.

സർവകലാശാല വിദ്യാർത്ഥികളെ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുകയാണ് ചെയ്യുന്നത്. സർവകലാശാലകളിലും രാജ്ഭവനുകളിലും ആർഎസ്എസിന്റെ ഇഷ്ടക്കാരെയാണ് നിയമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണ്. ഗവർണർ നിയമത്തിന് അതീതനല്ല. മന്ത്രിസഭയുടെ തിരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറെന്നും കപിൽ സിബൽ വിശദീകരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞദിവസങ്ങളിൽ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രംഗത്തെത്തിയിരുന്നു. ഗവർണറുടെ അനുമതി വാങ്ങാതെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്നും സംസ്ഥാനത്തിന്റെ അധിപൻ ഗവർണർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് ചട്ടലംഘനമല്ലെന്നും കേന്ദ്രസർക്കാരുമായ ഏറ്റുമുട്ടുന്ന വിഷയങ്ങളിൽ മാത്രം ഗവർണറെ അറിയിച്ചാൽ മതിയെന്നാണ് ചട്ടമെന്നും എങ്കിലും അനുമതി തേടേണ്ടതില്ലെന്നും നിയമമന്ത്രി എകെ ബാലൻ പ്രതികരിച്ചിരുന്നു. ഗവർണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ഗവർണർ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ കുപ്പായം അഴിച്ചുവെയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം മുഖപത്രം ദേശാഭിമാനി മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് കപിൽ സിബലിന്റെ പ്രതികരണം.

Exit mobile version