കോഴിക്കോട്: കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കേന്ദ്രസർക്കാരിനേയും രാജ്യത്തെ പ്രതിപക്ഷത്തിന്റെ വീഴ്ചയേയും പരാമർശിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. കേരളം ചെയ്ത വിനാശകരമായ കാര്യമാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗമായി ഇവിടെ നിന്നും തെരഞ്ഞെടുത്തതെന്ന് ഗുഹ അഭിപ്രായപ്പെട്ടു. ‘ദേശസ്നേഹവും തീവ്രദേശസ്നേഹവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.
മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ച നാടാണ് കേരളം. പക്ഷെ കേരളം ചെയ്ത ഏറ്റവും വിനാശകരമായി കാര്യം രാഹുൽ ഗാന്ധിയെ ഇവിടെ നിന്നും തെരഞ്ഞെടുത്തു എന്നതാണ്. 2024ൽ രാഹുൽ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുക്കുക എന്ന അബദ്ധം കൂടി മലയാളികൾ ചെയ്താൽ അത് നരേന്ദ്ര മോഡിയെ വലിയതോതിൽ സഹായിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാജകുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ രാഹുൽ ഗാന്ധിക്ക്് കഠിനാധ്വാനിയും സ്വന്തം പ്രവർത്തിയിലൂടെ ഉയർന്നു വന്നവനുമായ നരേന്ദ്ര മോഡിക്കെതിരെ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും ഗുഹ പറഞ്ഞു.
രാഹുൽ ഗാന്ധിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. വളരെ മാന്യനായ വ്യക്തിയാണ് അദ്ദേഹം. പക്ഷെ ഇന്ത്യയിലെ യുവജനതക്ക് രാജകുടുംബത്തിലെ അഞ്ചാം തലമുറക്കാരനെയല്ല ആവശ്യമെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. മോഡി ഇപ്പോഴും നെഹ്റു പതിറ്റാണ്ടുകൾക്ക് മുൻപ് ചെയ്ത കാര്യങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തലുകൾ നടത്തുന്നത് രാഹുൽ ഗാന്ധിയെ ഉന്നം വെച്ചുകൊണ്ടാണ്. രാഹുൽ ഗാന്ധിയില്ലെങ്കിൽ നെഹ്റുവിനെ ഉപേക്ഷിച്ച് സ്വന്തം നടപടികളെ കുറിച്ച് മോഡിക്ക് സംസാരിക്കേണ്ടി വന്നേനെയെന്നും ഗുഹ വ്യക്തമാക്കി.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ദയനീയമായ ഒരു കുടുംബ വ്യവസായമായി കോൺഗ്രസ് അധഃപതിച്ചതാണ് ഹിന്ദുത്വവാദവും തീവ്രദേശസ്നേഹവും ഇന്ത്യയിൽ ഉയർന്നുവരാനുള്ള കാരണങ്ങളിലൊന്നെന്നും ഗുഹ ചൂണ്ടിക്കാട്ടി.
Discussion about this post