ന്യൂഡൽഹി: ഡൽഹി നിർഭയ കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ രാവിലെ ആറ് മണിക്കാണ് നടപ്പിലാക്കുക. പുതിയ മരണവാറണ്ട് ഡൽഹി കോടതി പുറപ്പെടുവിച്ചു. നേരത്തെ ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. കേസിലെ മുഖ്യ കുറ്റവാളി മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയിരുന്നു. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൈമാറിയ ദയാഹർജി രണ്ട് മണിക്കൂറിനകം രാഷ്ട്രപതി തള്ളുകയായിരുന്നു. അതേസമയം, പ്രതി ദയാഹർജി നൽകിയ സാഹചര്യത്തിൽ വധശിക്ഷ 22 ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാരും ജയിൽ വകുപ്പും കോടതിയെ അറിയിക്കുകയും ചെയ്തു. രാഷ്ട്രപതി ദയാഹർജി തള്ളിയാൽ 14 ദിവസത്തിനു ശേഷം ശിക്ഷ നടപ്പാക്കാനാകൂ എന്നാണ് ചട്ടം.
അതേസമയം, പ്രതികൾ ഹർജികൾ നൽകി കോടതി വിധി നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. പ്രതികൾ പ്രത്യേകം പ്രത്യേകം ദയാഹർജി നൽകി എത്ര കാലം ഇത് നീട്ടുമെന്ന് കോടതി ചോദിച്ചു. ഇതിനുപിന്നാലെയാണ് സെഷൻ ജഡ്ജി സതീഷ് അറോറ മരണവാറണ്ട് പുറപ്പെടുവിച്ചത്. അതിനിടെ വധശിക്ഷ കാത്തിരിക്കുന്ന മറ്റൊരു കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബർ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് വാദം. മുമ്പ് ഡൽഹി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവൻ ഗുപ്ത ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.