ചണ്ഡീഗഢ്: കേന്ദ്രസർക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് കേരളത്തിന് പിന്നാലെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് വെള്ളിയാഴ്ച സഭയിൽ പ്രമേയം അവതരിപ്പിച്ചത്. രണ്ട് ദിവസത്തേക്ക് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളത്തിലാണ് പഞ്ചാബ് പ്രമേയം പാസാക്കിയത്.
ഇതോടെ രാജ്യത്ത് തന്നെ പൗരത്വ ഭേദഗതിക്കെതിരേ നിയമസഭയിൽ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി. നേരത്തെ ഇതേ വിഷയം ഉയർത്തിപ്പിടിച്ച് കേരളവും നിയമത്തിനെതിരേ സമാനമായ പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തിന് പിന്നാലെ സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അനുച്ഛേദം 131 പ്രകാരം കേരള സർക്കാർ കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയിൽ പ്രത്യേക സ്യൂട്ടും ഫയൽ ചെയ്തിരുന്നു.
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ശക്തമായ എതിർപ്പ് ഉയർന്ന ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ നിയമത്തിനെതിരേ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും മതേതര അടിത്തറയ്ക്കും എതിരാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രമേയത്തിൽ പഞ്ചാബ് വ്യക്തമാക്കി.
എന്നാൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ വിവിധ കാരണങ്ങൾ ഉന്നയിച്ച് എഎപി എംഎൽഎമാരും ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദൾ എംഎൽഎമാരും സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
Discussion about this post