രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരു വര്‍ഷത്തിനിടെ നേടിയ സമ്പത്തിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യം ഭരിക്കുന്ന ബിജെപിക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനമായി ലഭിച്ചത് 2,410.08 കോടി രൂപ. അതിന്റെ 41.71 ശതമാനം തുക (ഏകദേശം 1,005.33 കോടി) ബിജെപി ഇക്കാലയളവില്‍ ചിലവഴിച്ചിട്ടുണ്ട്. രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികള്‍ക്ക് ഈ കാലയളവില്‍ ആകെ ലഭിച്ച വരുമാനത്തിന്റെ 65.16 ശതമാനം വരും ബിജെപിക്ക് മാത്രം ലഭിച്ച വരുമാനമെന്നും കണക്കുകള്‍ പറയുന്നു.
ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ എന്നീ ആറ് പാര്‍ട്ടികള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ചത് 3,698.66 കോടി രൂപയാണ്. വരുമാനത്തില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്. 918.03 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതിന്റെ പകുതിയോളം (51.19 ശതമാനം)കോണ്‍ഗ്രസ് ചിലവഴിച്ചു. 469.92 കോടി രൂപയാണ് കോണ്‍ഗ്രസ് 201819 സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചത്. അതായത് രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് ബിജെപി ആകെ ചെലവഴിച്ച തുകയുടെ അത്രപോലും വരുമാനമുണ്ടായിട്ടില്ല എന്നു കൂടി ഈ കണക്കുകള്‍ പറയുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന് ഇക്കാലയളവില്‍ 192.65 കോടിരൂപ വരുമാനമായി ലഭിച്ചു. അതില്‍ 11.50 കോടിരൂപ അവര്‍ ചിലവഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ വന്‍ വളര്‍ച്ചയുണ്ടായ പാര്‍ട്ടിയാണ് തൃണമൂല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.16 കോടിയായിരുന്നു തൃണമൂലിന്റെ വരുമാനം. വരുമാനത്തില്‍ 3,628.47 ശതമാനം വളര്‍ച്ചയാണ് പാര്‍ട്ടിക്കുണ്ടായത്. സിപിഎമ്മിന് ഇക്കാലയളവില്‍ 110.96 കോടിയാണ് വരുമാനമായി ലഭിച്ചത്. അതില്‍ 76.15 കോടി ചിലവായി. ആറ് ദേശീയ പാര്‍ട്ടികളില്‍ 2017-18 നേക്കാള്‍, 2018-19 ല്‍ വരുമാനം കുറഞ്ഞ ഏക പാര്‍ട്ടി സി പി എമ്മാണ്. 2017-18 ല്‍ 104. 85 കോടി രൂപയായിരുന്നു സി പി എമ്മിന് ലഭിച്ചത്.
ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പ്രധാന വരുമാനം സംഭാവനകളാണ്. കോര്‍പ്പറേറ്റ് ഫണ്ടിംഗ് ഉള്‍പ്പെടെ. ഇതില്‍ ഇലക്ടറല്‍ ബോണ്ട് എന്ന ബിജെപി സര്‍ക്കാരിന്റെ പുതിയ സംവിധാനം വഴി ലഭിക്കുന്ന പണവുമുണ്ട്. മറ്റാരുമറിയാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ അടക്കമുള്ളവര്‍ക്ക് സൗകര്യമൊരുക്കുന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത് ആരാണെന്ന് ആര്‍ക്കുമറിയാന്‍ സാധിക്കില്ല. അതായത് രാജ്യത്തെ ജനങ്ങളില്‍ നിന്ന് മറച്ചു പിടിച്ച് മേശയ്ക്കടിയിലൂടെ നടത്തുന്ന കൈക്കൂലി ഇടപാട് നിയമ വിധേയമാക്കി എന്നര്‍ത്ഥം.
ഈ ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ക്ക് എത്ര പണം ലഭിച്ചുവെന്നത് ഈ കണക്കുകളില്‍ അതീവ പ്രാധാന്യമുള്ള ഒരു ഘടകമാണ്. മൊത്തം 1931.43 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഇതിലും കൂടുതല്‍ ലഭിച്ചത് ബി ജെ പിക്കാണ്. ബി ജെ പിക്ക് 2018-19 ല്‍ ലഭിച്ച വരുമാനത്തില്‍ 1,450.8 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴിയാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ മൊത്തം വരുമാനത്തില്‍ 383.2 കോടി രൂപയാണ് ഇലക്ടറല്‍ബോണ്ടിലൂടെ ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 97.2 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചത്. എന്‍ സി പിയാവട്ടെ ഈ കാലയളവിലെ കണക്ക് സമര്‍പ്പിച്ചിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള വിവരം. കേന്ദ്രം കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരെ നിയമ വഴിയിലൂടെ എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും പ്രതിപക്ഷ കക്ഷികള്‍ ഇതേ മാര്‍ഗത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വീകരിക്കുന്നുണ്ടെന്നാണ് ഇതിനര്‍ത്ഥം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപാര്‍ട്ടികളായ സിപിഎമ്മും സിപിഐയും മാത്രമാണ് പ്രഖ്യാപിത നിലപാടനുസരിച്ച് ഇലക്ടറല്‍ ബോണ്ട് വഴിയുള്ള ഫണ്ട് സ്വീകരിക്കാത്ത പാര്‍ട്ടികള്‍. എന്തായാലും ഇതിന്റെ മഹാഭൂരിപക്ഷവും ലഭിച്ചിരിക്കുന്നത് ഈ നിയമം കൊണ്ടുവന്ന ബിജെപിയ്ക്ക് തന്നെയാണ്.
ഇനി ഈ കണക്കുകള്‍ പുറത്തു വന്ന ദിവസം തന്നെ വന്ന മറ്റൊരു വാര്‍ത്തകൂടി പരിശോധിക്കണം. 4500 കോടിയുടെ അന്തര്‍വാഹിനി നിര്‍മാണക്കരാറില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് അത്. കോണ്‍ഗ്രസാണ് ആരോപണമുന്നയിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് പ്രതിരോധ മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചതു . ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, പൊതുമേഖലാ സ്ഥാപനമായ മസഗാവ് ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ്, റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനീയറിങ് ലിമിറ്റഡ്, അദാനി ഡിഫന്‍സ് – ഹിന്ദുസ്ഥാന്‍ ഷിപ്യാഡ് ലിമിറ്റഡ് എന്നിവ രംഗത്തുവന്നു. പൊതുമേഖലാ സ്ഥാപനത്തെയടക്കം മറികടന്ന് അദാനിക്ക് കരാര്‍ ലഭിച്ചു.
വ്യത്യസ്ത കമ്പനികളടങ്ങുന്ന സംയുക്ത സംരംഭങ്ങള്‍ക്കു കരാര്‍ ലഭിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ പാലിച്ചില്ല. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണു നിര്‍മാണത്തിനുള്ള പ്രത്യേക നിര്‍വഹണ സംവിധാനം അദാനി രൂപീകരിച്ചത്. ഇതിനും മന്ത്രാലയത്തിന്റെ അനുമതി നേടിയില്ല. അന്തര്‍വാഹിനി നിര്‍മാണത്തിലുള്ള മുന്‍പരിചയം, സാമ്പത്തിക സ്രോതസ് എന്നിവയുടെ അടിസ്ഥാനത്തില്‍ കരാര്‍ ലഭിക്കാന്‍ അദാനിക്ക് യോഗ്യതയില്ലെന്ന നാവികസേനാ ഉന്നത സമിതിയുടെ കണ്ടെത്തലും അവഗണിച്ചു.
പാര്‍ട്ടികളുടെ വരുമാനക്കണക്കും ഈ വാര്‍ത്തയും ചേര്‍ത്തു വെച്ചു വേണം വായിക്കാന്‍. ഇന്ത്യയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കായി കോര്‍പ്പറേറ്റുകള്‍ കോടിക്കണക്കിന് രൂപ ഒഴുക്കുന്നത് എന്തിനെന്നും അതില്‍ സിംഹഭാഗവും ബിജെപിയിലേക്ക് പോവുന്നത് എന്തു കൊണ്ടെന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അങ്ങനെ ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ കിട്ടും. നല്‍കുന്നതാരെന്നറിയാതിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നതെന്തിനെന്നും ഇതില്‍ നിന്ന് പിടികിട്ടും. ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനകള്‍ നല്‍കിയത് ആരെന്നും എത്രയെന്നും വ്യക്തമായി അറിയാന്‍ കഴിയില്ലെങ്കിലും ആരൊക്കെയായിരിക്കും ഇങ്ങനെ സംഭാവനകള്‍ നല്‍കിയതെന്നറിയാന്‍ ഇത്തരത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി നല്‍കിയ കരാറുകള്‍ ആര്‍ക്കൊക്കെ എന്നൊന്ന് പരിശോധിച്ചാല്‍ മതി.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ മറികടക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത് കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരിന് നല്‍കേണ്ട നികുതികള്‍ ഇളവു ചെയ്ത് കൊടുക്കുകയായിരുന്നു. ബജറ്റുകളില്‍ സ്ഥിരമായി പ്രഖ്യാപിക്കുന്ന കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ക്ക് പുറമെയായിരുന്നു ഇത്. ഇത് കൊണ്ട് സാമ്പത്തിക മേഖലയ്ക്ക് ഒരു നേട്ടവുമുണ്ടാവാന്‍ പോവുന്നില്ലെന്നും തലതിരിഞ്ഞ നടപടിയാണെന്നും സാമ്പത്തിക വിദഗ്ധരൊന്നടങ്കം പറഞ്ഞിട്ടും സര്‍ക്കാര്‍ പിറകോട്ട് പോയില്ല. ഇങ്ങനെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമ്പോള്‍ അതിന്റെ പേരില്‍പ്പോലും കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ല. അപ്പോള്‍പ്പിന്നെ ഇത്രയും കോടികള്‍ ബിജെപി ഫണ്ടിലേക്ക് കൊടുക്കുന്നതു കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കെന്താണ് നഷ്ടം. ഈ കൊടുക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് കോടികള്‍ കൊള്ള ചെയ്യാനുള്ള വഴിയാണ് അവര്‍ക്ക് തുറന്നു കിട്ടുന്നത്. അതുകൊണ്ട് രാജ്യത്തിന്റെ ഖജനാവ് വറ്റി വരണ്ടാലും ബിജെപിയുടെയും അദാനിയുടെയുമൊക്കെ പണപ്പെട്ടികള്‍ നിറഞ്ഞു തന്നെ കിടക്കും.
Discussion about this post