ഒരു രേഖയും നല്‍കാതെ തന്നെ പലചരക്ക് കടകളില്‍ പോലും ആസിഡ് ലഭ്യമാകുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി ദീപിക പദുകോണിന്റെ നേതൃത്വത്തിലുള്ള ഛപാക് ടീം. ആസിഡ് വില്‍പന സംബന്ധിച്ച നിയമങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ഛപാക് ടീം ദീപിക പദുകോണിന്റെ നേതൃത്വത്തില്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്.
സുപ്രീംകോടതി പുറത്തിറക്കിയ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് രാജ്യത്ത് ആസിഡ് വില്‍പന നടക്കുന്നതെന്ന് ഈ സ്റ്റിങ് ഓപ്പറേഷനിലൂടെ ഛപാക് ടീം വ്യക്തമാക്കി. ഒരു രേഖയും നല്‍കാതെ 24 കുപ്പി ആസിഡാണ് വിവിധ കടകളില്‍ നിന്ന് സംഘം വാങ്ങിയത്. പ്ലംബര്‍, വിദ്യാര്‍ഥി, വ്യവസായി, മദ്യപാനി, വീട്ടമ്മ, ഗുണ്ട എന്നിങ്ങനെ വേഷം മാറിയാണ് മുംബൈയിലെ വിവിധ കടകളില്‍ ആസിഡ് തേടി ഛപാക് സംഘമെത്തിയത്.
ഒളിക്യാമറാ ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ സംഘം പുറത്തുവിട്ടു. ആസിഡ് വാങ്ങരുത്, വില്‍ക്കരുത് എന്ന പേരിലാണ് ഛപാക് സംഘം സ്റ്റിങ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആസിഡ് നല്‍കരുത്, എന്തിനാണ് ആസിഡ് എന്ന് ചോദിച്ച് വ്യക്തി വിവര രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ആസിഡ് നല്‍കാവൂ, ആസിഡ് വില്‍പന സംബന്ധിച്ച് പോലീസിനെ അറിയിക്കണം എന്നിങ്ങനെയുള്ള കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ 2013ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ഈ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഛപാക് ടീം തെളിവുകള്‍ സഹിതം വ്യക്തമാക്കി.
Discussion about this post