ന്യൂഡൽഹി: ജെഎൻയുവിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക പദുകോൺ രംഗത്തെത്തിയ സംഭവത്തോട് ഒടുവിൽ പ്രതികരിച്ച് കങ്കണ റണാവത്ത്. തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങ്ങിനൊപ്പം എന്തൊക്കെ സംഭവിച്ചാലും താൻ നിൽക്കില്ലെന്നും ദീപിക ചെയ്തത് അവർക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളാണെന്നും കങ്കണ പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രതികരണം. ദീപിക പദുകോണിന്റെ ജെഎൻയു സന്ദർശനത്തിൽ തന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും കങ്കണ പറഞ്ഞു.
ദീപിക അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ല. സ്വന്തം പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് ദീപിക പദുകോൺ. മറ്റൊരാളുടെ കാര്യത്തിൽ ഇടപെട്ട് അഭിപ്രായം പറയേണ്ട ആവശ്യമെനിക്കില്ല. എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചല്ലേ എനിക്ക് സംസാരിക്കാൻ പറ്റൂവെന്നും കങ്കണ വിശദീകരിച്ചു.
ജെഎൻയു വിദ്യാർത്ഥികളെ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങ്ങ് എന്ന് പരിഹസിച്ച ബിജെപി നേതാക്കളുടെ വാക്ക് കടമെടുത്താണ് കങ്കണയും വിഷയത്തിൽ പ്രതികരിച്ചത്. എനിക്ക് തുക്ക്‌ഡെ തുക്ക്‌ഡെ ഗാങ്ങിനൊപ്പം നിൽക്കാൻ താത്പര്യമില്ല. രാജ്യത്തെ വിഭജിക്കുന്നവർക്ക് പിന്തുണ നൽകാനും എനിക്ക് താത്പര്യമില്ല. ഒരു സൈനികൻ കൊല്ലപ്പെട്ടാൽ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവർക്ക് അധികാരം നൽകുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ല- കങ്കണ പറഞ്ഞു. ബിജെപിയുടെ നയങ്ങളെ പിന്തുണയ്ക്കുന്ന കങ്കണ റണാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചും പലപ്പോഴും രംഗത്തെത്താറുണ്ട്. നേരത്തെ ദീപിക പദുകോണിന്റെ ഛപാക് സിനിമയെ പ്രകീർത്തിച്ചും കങ്കണ രംഗത്തെത്തിയിരുന്നു.