പനജി: വിളവ് ഇരട്ടിയാക്കന്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടാല്‍ മതിയെന്ന് കര്‍ഷകരോട് ഗോവ സര്‍ക്കാര്‍. കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങളുരുവിട്ടാല്‍ നല്ല വിളവ് ലഭിക്കുമെന്ന് വിശ്വസിക്കുന്ന രീതിയാണ് കോസ്മിക് ഫാമിങ്. ഈ രീതിയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കും നിര്‍ദേശിച്ചിരിക്കുന്നത്. ഒരു കര്‍ഷകന്‍ ദിവസവും 20 മിനിട്ട് തന്റെ കൃഷിയിടത്തിലെത്തി വേദ മന്ത്രങ്ങള്‍ ഉരുവിടണം.
ഇപ്രകാരം 20 ദിവസം തുടര്‍ച്ചയായി മന്ത്രം ചൊല്ലിയാല്‍ മികച്ച വിളവുണ്ടാകുമെന്നുമാണ് കോസ്മിക് ഫാമിങ് പ്രചാരകര്‍ പറയുന്നത്. ഈ രീതി അവലംബിക്കാനാണ് സംസ്ഥാന കൃഷി വകുപ്പ് കര്‍ഷകരെ ഉപദേശിക്കുന്നത്. മന്ത്രം ചൊല്ലുമ്പോള്‍ ഈ പ്രപഞ്ചത്തിലെ ഊര്‍ജം കൃഷിയിടത്തിലെത്തുമെന്നും ഇത് ചെടികളെ ശക്തമായി വളര്‍ത്തി കൂടുതല്‍ വിളവ് നല്‍കുമെന്നുമാണ് പ്രചാരകരുടെ കണക്ക് കൂട്ടല്‍. മന്ത്രജപത്തിലൂടെ നെല്‍കൃഷിയുടെ വിളവ് വര്‍ധിപ്പിക്കാമെന്ന് മന്ത്രി വിജയ് സര്‍ദേശായി മുന്‍പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരും ആ പാത പിന്തുടരുന്നത്.
കോസ്മിക് ഫാമിങ്ങിനെക്കുറിച്ച് ശിവ് യോഗ് ഫൗണ്ടേഷന്‍, ബ്രഹ്മകുമാരീസ് എന്നീ പ്രസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു. സംസ്ഥാന കൃഷി മന്ത്രി വിജയ് സര്‍ദേശായിയും വകുപ്പ് ഡയറക്ടര്‍ നെല്‍സണ്‍ ഫിഗറെഡോയും ശിവ് യോഗ് കൃഷിയുടെ പ്രചാരകനായ ഗുരു ശിവാനന്ദുമായി ചര്‍ച്ച നടത്തിയതായും മന്ത്രാലയം അറിയിച്ചു. കോസ്മിക് ഫാമിങ്ങിലൂടെ സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ പരിസ്ഥിതി സൗഹൃദ-ജൈവ കൃഷി വ്യാപിപിക്കാമെന്നും ഉത്പാദനം കൂട്ടാമെന്നും ഫിഗറെഡോ പറഞ്ഞു. ശിവ് യോഗ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കോസ്മിക് ഫാമിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് കര്‍ഷകരോട് വിശദീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.