ന്യൂഡൽഹി: നിർഭയ കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി. നേരത്തെ പ്രതിയുടെ ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തിരുന്നു. ഇതനുപിന്നാലെയാണ് ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തിരിക്കുന്നത്. രാഷ്ട്രപതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും വിധിയെ സ്വാഗതം ചെയ്യുന്നെന്നും നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു.
മുകേഷ് സിങിന്റെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹർജി നൽകിയത്. ദയാഹർജി തള്ളണമെന്ന് ഡൽഹി സർക്കാരും കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. അതേസമയം, വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നൽകിയ ഹർജി ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
നേരത്തെ പ്രതികളുടെ വധശിക്ഷ മരണ വാറണ്ട് പ്രകാരം ജനുവരി 22ന് നടപ്പാക്കാൻ സാധിക്കില്ലെന്ന് ഡൽഹി സർക്കാരും തിഹാർ ജയിലും കോടതിയെ ബോധിപ്പിച്ചിരുന്നു. പുതിയ മരണ വാറണ്ടിനും സർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Discussion about this post